Wednesday, March 7, 2007

മലയാള അക്ഷരങ്ങള്‍ വരച്ചു പഠിക്കാം

കുട്ടികളെ,
മലയാളം അക്ഷരം പഠിക്കാന്‍ വളരെ എളുപ്പമാ‍ണ്. ആദ്യം അക്ഷരം കാണുന്ന ഓരോരുത്തരും അക്ഷരത്തെ കണ്ട് പേടിച്ചോടുകയാണ് പതിവ്. അതിങ്ങനെ പാമ്പു പോലെ വളഞ്ഞു പുളഞ്ഞു കിടക്കുകയല്ലെ. ഇതെങ്ങനെ എഴുതിയൊപ്പിക്കും അല്ലെ?. വളരെ നിസ്സാരം. (മനസ്സില്‍ നിങ്ങള്‍ പറയുന്നുണ്ടാവും അങ്കിളിനു നിസ്സാരം ഞങ്ങള്‍ പെടുന്ന പാട് ഞങ്ങള്‍ക്കല്ലെ അറിയൂന്ന് അല്ലെ) നിങ്ങള്‍ക്ക് ഞാന്‍ ഒരു മീഡിയ പരിചയപ്പെടുത്തി തരാം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ വരയ്ക്കാം അങ്ങനെ വരയിലൂടെ അക്ഷരം പഠിക്കാം.

ആദ്യം ഇവിടെ ഒന്നു പോയി നോക്കൂ. നിങ്ങള്‍ക്കിഷ്ടമാവും.
ഇനി മലയാളത്തിലെ ആദ്യാക്ഷരമായ എങ്ങനെയാണ് എഴുതുന്നതു എന്നു ഇവിടെ നോക്കി മനസ്സിലാക്കൂ.

ഇനി എന്ന അക്ഷരം എങ്ങിനെയെഴുതാമെന്നു ഇവിടെ നോക്കിയാല്‍ മതി. സമയച്ചുരുക്കം കാരണം അങ്കിള്‍ ഈ രണ്ട് അക്ഷരം മാത്രമെ എഴുതുന്നുള്ളൂ.ഇനി അഛനോടോ അമ്മയോടോ മലയാളത്തിലെ എല്ലാ അക്ഷരവും എങ്ങിനെയാണ് എഴുതുക എന്നു വരച്ചു കാണിച്ചു തരാന്‍ പറയണം. (ചില രാജ്യങ്ങളില്‍ artpad തുറക്കാന്‍ കഴിയുന്നില്ലെന്നു എഴുതി കണ്ടിരുന്നു.)

മലയാള അക്ഷരങ്ങള്‍:
സ്വരങ്ങള്‍ എന്നും വ്യഞ്ജനങ്ങള്‍ എന്നും രണ്ടു വിഭാഗമുണ്ട് കൂടാതെ ചില്ലുകളും.

സ്വരങ്ങള്‍:

അ ആ ഇ ഈ ഉ ഊ ഋ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ
ഇതില്‍ “ഌ“ “ൡ“ ഈ രണ്ടക്ഷരങ്ങളും ഇപ്പോള്‍ ഉപയോഗിച്ചു കാണുന്നില്ല.
വ്യഞ്ജനങ്ങള്‍:

ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ

യ ര ല വ ശ ഷ സ ഹ ള ഴ റ

വ്യഞ്ജനങ്ങളെ ഓര്‍ത്തിരിക്കാന്‍ തുടക്കം “കചടതപ“ എന്നും ഒടുക്കം “ങഞണനമ” എന്നും മനസ്സില്‍ ഓര്‍ത്തു വച്ചാല്‍ മതി.

ചില്ലുകള്‍:- ല്‍ ള്‍ ര്‍ ന്‍

ഇത്രയും നിങ്ങള്‍ എഴുതി പഠിച്ചിട്ട് സൌകര്യം പോലെ നമുക്കു മറ്റുകാര്യങ്ങള്‍ പഠിക്കാം.
------------------------------------------------
നോട്ട്: ഇങ്ങനെയൊരു പോസ്റ്റിടാന്‍ ഓര്‍മ്മിപ്പിച്ച മൈഥിലിയുടെ കുട്ടിമൈനയ്കൂം
മലയാള അക്ഷരം പഠിക്കാന്‍ ശ്രമിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ്
ഈ പോസ്റ്റിടുന്നതു.
ചിത്രങ്ങള്‍ വരയ്ക്കാനുള്ള artpad എന്ന സങ്കേതം ബ്ലോഗു വഴി പരിചയപ്പെടുത്തിയ
ജിനു എന്ന ഉണ്ണിക്കുട്ടനോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു.

മുകളില്‍ കൊടുത്ത വിവരങ്ങളില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ മലയാളത്തിലെ
അറിവുള്ളവര്‍ ദയവായി തിരുത്തണം. എന്റെ പരിമിതമായ അറിവും വിക്കി
പീഡിയയില്‍ നിന്നും കിട്ടിയ അറിവും ആണിത്. കുട്ടികളെ തെറ്റു പഠിപ്പിക്കന്‍
പാടില്ലല്ലൊ.

Tuesday, December 19, 2006

ടോമും ജെറിയും

കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും
ചെയ്യുന്ന വിഖ്യാത കാര്‍ട്ടൂണുകളായ “ടോം ആന്റ് ജെറി” യുടെ സൃഷ്ടി കര്‍ത്താവ്
ജോസഫ് ബാര്‍ബറ എന്ന ജോ ബാര്‍ബറ രണ്ടു ദിവസം മുന്പ് അന്തരിച്ചു.
മരിക്കുമ്പോള്‍ 95 വയസായിരുന്നു.

ബാ‍ങ്കറായി ജോലി നോക്കിയിരുന്ന ജോ 1937 ല്‍ എം. ജി. എം സ്റ്റുഡിയോയില്‍ ചേര്‍ന്നു.
അതിനുശേഷം വില്യം ഹന്നയുമായി ചേര്‍ന്ന് 1957 ല്‍ ഹന്ന-ബര്‍ബറ ആരംഭിച്ചു.


പ്രശസ്തമായ സ്കൂബീ ഡൂ ഉള്‍പ്പെടെ അനേകം കാര്‍ട്ടൂണുകള്‍ പുറത്തിറക്കി.
ഏഴ് ഓസ്കാര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഹന്ന-ബാ‍ര്‍ബര കൂട്ടുകെട്ട് നേടി.
2001 മാ‍ര്‍ച്ചില്‍ വില്യം ഹന്ന അന്തരിച്ചു 90 ‍വയസ്സായിരുന്നു മരിക്കുമ്പോള്‍ ഹന്നയ്ക്ക്.

Saturday, December 16, 2006

ആരാണ് ധന്യന്‍?

കാട്ടില്‍ ജനാധിപത്യം ഇല്ലെങ്കിലും കാട്ടിലെ രാജാവ് സഭ വിളിച്ചുകൂട്ടി.
ഛില്‍ .........ഛില്‍ .............. ഛില്‍ ............അണ്ണാറക്കണ്ണന്‍ മരങ്ങള്‍ തോറും ചാടി ചാടി നടന്ന് ഈ വിവരം കാട്ടുനിവാസികളെയൊക്കെ അറിയിച്ചു.
“കൂട്ടരെ അടുത്ത ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്കു ആറ്റിനടുത്തുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ വച്ച് പൊതുയോഗം കൂടുന്നു എല്ലാവരും പങ്കെടുക്കണം”
ആരാണ് ഏറ്റവും ധന്യനായ ആള്‍ എന്നറിയാനായിരുന്നു യോഗം.
യോഗദിവസം അടുത്തു. കാട്ടിലെ സകല ചരാചരങ്ങളും നേരത്തെ തന്നെ ഇലഞ്ഞി മരച്ചുവട്ടിലെത്തി. പതിവുപോലെ കാട്ടിലെ രാജാവായ സിംഹം യോഗത്തില്‍ അദ്ധ്യക്ഷനായി എത്തി. യോഗം തുടങ്ങി.

ദര്‍ഭപ്പുല്‍ പറഞ്ഞു യാഗങ്ങളില്‍ എന്നെയാണ് പവിത്രമായി അതിനാല്‍ ഞാനാണ് ഏറ്റവും ധന്യന്‍ . മത്സ്യം പറഞ്ഞു ദശാവതാരങ്ങളില്‍ ഞാനാണ് പ്രഥമന്‍
അതിനാല്‍ ഞാനാണ് ഏറ്റവും ധന്യന്‍, ആമ പറഞ്ഞു പാലാഴി കടയുന്ന വേളയില്‍ ഭഗവാന്‍ എന്റെ രൂപത്തിലാണ് മന്ഥര പര്‍വതത്തെ ഉയര്‍ത്തിയതു അതിനാല്‍ ഞാനല്ലെ ഏറ്റവും ധന്യന്‍ , സര്‍പ്പം പറഞ്ഞു ഞാനല്ലെ കൈലാസനാഥന്റെ കഴുത്തില്‍ ആഭരണം പോലെ കഴിയുന്നതു അതിനാല്‍ ഞാന്‍ തന്നെ ഏറ്റവും ധന്യന്‍ ,
വാനരന്‍ പറഞ്ഞു ഞങ്ങളല്ലെ ശ്രീരാമനെ സഹായിച്ചതു അതിനാല്‍ ഞങ്ങളാണ്‍ ശ്രേഷ്ഠര്‍, അണ്ണാറക്കണ്ണന്‍ പറഞ്ഞു ഏയ് എന്റെ പുറം നോക്കൂ ശ്രീരാമസ്വാമിയുടെ തലോടലിന്റെ അടയാളം കണ്ടില്ലെ അപ്പോള്‍ ആരാ കൂട്ടത്തില്‍ ശ്രേഷ്ഠന്‍ .? മയില്‍ പറഞ്ഞു ഞാനാണ് ശ്രീ മുരുകന്റെ വാഹനം അതിനാല്‍ ഞാനാണ് ഏറ്റവും
ശ്രേഷ്ഠന്‍ , മുളം തണ്ട് പറഞ്ഞു സദാ സമയവും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചുണ്ടോടൊട്ടി നില്‍ക്കുന്ന ഞാനാണ് ലോകത്തിലേയ്ക്കും ഏറ്റവും ധന്യന്‍ . ഗരുഡന്‍ പറഞ്ഞു
നിങ്ങള്‍ ഈ പറഞ്ഞ ആരെക്കാളും ധന്യന്‍ ഞാനാണ് ഞാനാണ് മഹാവിഷ്ണുവിന്റെ വാഹനം അതിനാല്‍ ഞാനാണ് സര്‍വ്വ യോഗ്യന്‍. ഇങ്ങനെ പുല്‍ക്കൊടി മുതല്‍ തടിയനായ ആന വരെ ഓരോരുത്തരും അവരവര്‍ ആണ് ഏറ്റവും ധന്യനായ ആള്‍ എന്നു സമര്‍ത്ഥിച്ചു.
ഇതു കേട്ട് സിംഹം പറഞ്ഞു “തര്‍ക്കം വേണ്ട നമുക്കു അവിടെയിരിക്കുന്ന മഹാ മുനിയോടു ചോദിക്കാം.”
അവര്‍ അടുത്ത് തന്നെ തപസ്സിലുള്ള മഹര്‍ഷിയോട് കാര്യങ്ങള്‍ പറഞ്ഞു...... ..“........അതുകൊണ്ട് പ്രഭോ ഇതില്‍ ആരാണ് എറ്റവും ശ്രേഷ്ഠനും ധന്യനും എന്നു പറഞ്ഞാലും..”
മഹാമുനി പറഞ്ഞു. “ കുഞ്ഞുങ്ങളെ കര്‍മ്മം കൊണ്ടഉം സജ്ജനങ്ങളോടൊപ്പമുള്ള നിങ്ങളുടെ സഹവാസം കാരണവും നിങ്ങള്‍ ഓരൊരുത്തരും ധന്യരും ശ്രേഷ്ഠരുമാ‍ണ് . എന്നാല്‍ അതില്‍ ഒട്ടും അഹങ്കാരം പാടില്ല. എന്തെന്നാല്‍ സ്വയം അഹങ്കരിക്കുന്നവനെ ദൈവം ശിക്ഷിക്കും. ഞാന്‍ ഒരു ഉദാഹരണം പറയാം..... പണ്ടു പണ്ട് യയാതി എന്നൊരു മഹാരാജാവുണ്ടായിരുന്നു. അദ്ദേഹം സല്‍ പ്രവര്‍ത്തികളാല്‍ സ്വര്‍ഗ് ഗത്തില്‍ പ്രവേശിക്കുകയും ഇന്ദ്രനോടൊപ്പം ആയിരക്കണക്കിനു സംവത്സരങ്ങള്‍ കഴിയുകയും ചെയ്തയാളാണ്. അങ്ങനെ സ്വര്‍ഗ് ഗത്തില്‍ കഴിയവേ ഒരിക്കന്‍ ഇന്ദ്രന്‍ അദ്ദേഹത്തോട് ചോദിച്ചു. തപസ്സില്‍ അങ്ങയോട് തുല്ല്യന്‍ ആരാണ് എന്നു. യയാതി പറഞ്ഞത് ദേവന്മാരിലും, ഗന്ധര്‍വ്വന്‍ മാരിലും, മഹര്‍ഷിമാരിലും ഞാന്‍ അങ്ങനെയൊരാളെ കാണുന്നില്ല എന്നാണ്. ഇന്ദ്രനു ഇതു കേട്ടു വിഷമമായി അദ്ദേഹം യയാതിയോടു പറഞ്ഞു മഹാത്മാവേ അങ്ങു ഇപ്പോള്‍ പറഞ്ഞതു പൊങ്ങച്ചവും അഹങ്കാരവുമാണ് അതിനാല്‍ അങ്ങ് ഇത്രയും കാലം നേടിയ പുണ്യമെല്ലാം ഇതോടെ അങ്ങയില്‍ നിന്നും വിട്ടു പോകും ആയതിനാല്‍ അങ്ങ് വീണ്ടും ഭൂമിയിലെത്തി മനുഷ്യവാസം ചെയ്യണം. എങ്കില്‍ മാത്രമെ ഇനി തിരികെ സ്വര്‍ഗ് ഗത്തില്‍ പ്രവേശനമുള്ളു.
അങ്ങനെ യയാതി വീണ്ടും ഭൂമിയിലെയ്ക് മടങ്ങി. അദ്ദേഹം ഭൂമിയില്‍ വന്നിറങ്ങിയതു കുറെ താപസന്മാരുടെ പര്‍ണ് ണശാലയ്ക്കടുത്തായിരുന്നു. അവിടെ ഉണ്ടായിരുന്ന മുനി മാര്‍ യയാതിയോട് ചോദിച്ചു മഹാപ്രഭോ ഇന്ദ്ര തുല്യനായ താങ്കള്‍ എന്താണ് വീണ്ടും ഭൂമിയിലേയ്ക്ക് എത്തിയതു?

യയാതി പറഞ്ഞു എന്റെ അഹങ്കാരം മൂലം ഞാനൊഴികെ മറ്റെല്ലാത്തിനെയും ഞാന്‍ നിസ്സരമായി കരുതി അതു കാരണം ഞാന്‍ സ്വര്‍ഗ് ഗത്തു നിന്നും ഭ്രഷ്ടനായി.

അതിനാല്‍ സജ്ജനങങള്‍ ഒരിക്കലും ദുഷ്ടന്മാരെപ്പോലെ അഹങ്കരിക്കാന്‍ പാടില്ല എന്നു ഞാന്‍ മനസ്സിലാക്കി. എനിക്കിപ്പോള്‍ പശ്ചാത്താപം ഉണ്ട് എന്നാല്‍ ഇത് അലംഘനീയമായ വിധിയാണ് ആതിനാല്‍ ഞാന്‍ ഈ ഭൂലോകവാസം അനുഭവിച്ചെ മതിയാകൂ. അവിടെ ഉണ്ടായിരുന്ന അഷ്ടകന്‍, പ്രതര്‍ദ്ദനന്‍ ‍, വസുമാന്‍ , ശിബി തുടങ്ങിയ താപസശ്രേഷ്ടര്‍ യയാതിയോടു പറഞ്ഞു തങ്ങള്‍ തപസു കൊണ്ടു നേടിയ പുണ്യം അങ്ങേയ്ക്കു ദാനമായി തരാം അതു കൊണ്ട് അങ്ങേയ്ക്കു സ്വര്‍ഗ് ഗത്തേയ്ക്കു തിരികെ പോകാം എന്നു. പക്ഷെ ഓരൊന്നിനും അതിന്റെതായ ന്യ്യായം പറഞ്ഞു മഹാനായ യയാതി ആ ദാനങ്ങളൊക്കെ തിരസ്കരിച്ചു. അങ്ങനെ ആ ദാനങ്ങളൊന്നും കൈപ്പറ്റാത്തതിനാലും സജ്ജനങ്ങളായ ആ താപസരോടൊപ്പമുള്ള സഹവാസവും കാരണം യയാതിയ്ക്കും ആ നാലു താപസരോടൊപ്പം സ്വര്‍ഗ് ഗം ലഭിച്ചു.”

അതിനാല്‍ കുഞ്ഞുങ്ങളെ ഒരിക്കലും തന്റെ കഴിവുകളിലും മഹത്വങ്ങളിലും അഹങ്കാരം പാടില്ല. സജ്ജനങ്ങളോടുള്ള നിങ്ങളുടെ സത് സംഗമം നിങ്ങളെയും മഹാനാക്കും.

ഇതു കേട്ട് എല്ലാവര്‍ക്കും അവരവരുടെ ധന്യതയില്‍ മതിപ്പു തോന്നി.

Tuesday, December 12, 2006

ആദ്യാക്ഷരങ്ങള്‍

തുടക്കം

"അമ്മയെന്നാദ്യമെഴുതണം പൈതലേ
നന്‌മതന്‍ നറുനിലാവാകണം നീ.
അച്‌ഛനെന്നോതിപ്പഠിക്കണം
നിത്യമാംസ്‌നേഹനഭസ്‌സിനെ കണ്ടുണരാന്‍."


എന്റെ വീട്‌

മലയാളമെന്റെ നാടെന്റെ നാട്‌, അതില്‍
പുലരേണമെന്റെ വീടെന്റെ വീട്‌.
മാനം തെളിഞ്ഞും മുകില്‍ കറുത്തും
നീലവാനിന്റെ കുടചൂടുമെന്റെ വീട്‌.

പകല്‍ വന്ന് വാതില്‍ തുറന്നീടണം
പിന്നെ രാത്രിയാ വിരല്‍ കൊണ്ട്‌ താഴിടേണം.
മുറ്റത്ത്‌ പൂക്കള്‍ ചിരിച്ചിടേണം, മര-
ക്കൊമ്പത്തൊരൂഞ്ഞാല്‌ തൂങ്ങിടേണം.

പ്രാവും കുരുവിയും പാടുന്ന മൈനയും
പുലരിയില്‍ കണിതന്ന്‌ പോയിടേണം.
കാക്കയും കോഴിയും ചൊല്ലുകള്‍ പഠിക്കുന്ന
ചേലുള്ള ലോകമാണെന്റെ വീട്‌.

മാവിന്റെ ചോട്ടിലെ തളിര്‍മെത്തതോറുമാ
പാണന്റെ തുടി കേട്ടുനിന്നിടേണം.
ഒരു നാണയത്തിനായ്‌ നീളുന്ന കൈയിലൊരു
നിറനാണ്യമായി ചിരിച്ചിടേണം.

അച്ചനുമമ്മയും ഞങ്ങളും ചേര്‍ന്നുള്ള
സ്വച്‌ഛന്ദ ലാവണ്യമെന്റെ വീട്‌.
പൂച്ചക്കുറിഞ്ഞിയും മക്കളും, കാവലായ്‌-
കുട്ടനുമുള്ളൊരു കൊച്ചു വീട്‌.

ആരും മടിക്കാതെ വാതില്‍ തുറന്നുവ-
ന്നാതിഥ്യമുണ്ണുന്ന കരുണവീട്‌.
ഏത്‌ വഴിപോക്കനും ദാഹനീരേകുന്ന
വഴിയമ്പലമെന്റെ നല്ല വീട്‌.

000

വരിന്‍... മാവേലിനാടിന്റെ സുകൃതങ്ങളേ...

വരിന്‍... മാവേലിനാടിന്റെ സുകൃതങ്ങളേ...

കൊച്ചു കുട്ടികള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങാമോ എന്ന ചിന്ത എന്റേത്‌ മാത്രമല്ലെന്ന്‌ മനസ്സിലായി. വിഷ്ണുപ്രസാദ്‌ , കൊല്ലം ബ്ലോഗില്‍ അംബിയോട്‌ ഇങ്ങനെ ചോദിച്ചപ്പോള്‍ ഒന്ന്‌ ആളിക്കത്തിയ പഴയ ആഗ്രഹം ദാ ഇങ്ങനെ തുടങ്ങുന്നു. സാങ്കേതികസഹായം ആരെങ്കിലും ചെയ്യേണ്ടിവരും. അക്കാര്യത്തില്‍ ഞാന്‍ 'അര്‍ഥശൂന്യ'നാണ്‌. എല്ലവരും ഒന്ന്‌ ഒത്ത്‌ ശ്രമിക്കുക. 'template ' ഒക്കെ മാറ്റാനുണ്ട്‌. എല്ലാം ക്രമത്തില്‍ ശരിയാക്കാം. അല്ലേ അംബീ? കഥകളും കവിതകളും നുറുങ്ങുകളുമായി നമ്മള്‍ കുഞ്ഞുങ്ങള്‍ക്കായി 'മെല്ലെ' ചില കാര്യങ്ങള്‍ തുടങ്ങുന്നു. എന്തുപറയുന്നു കൂട്ടരേ? താല്‍പ്പര്യമുള്ളവര്‍ psprasad@hotmail.com എന്ന വിലാസത്തിലേക്ക്‌ ഒരു മെയില്‍ അയക്കുക. എന്താകുമെന്ന്‌ നോക്കാം.

വരിന്‍... മാവേലിനാടിന്റെ സുകൃതങ്ങളേ...